ആൻഡ്രോയ്ഡ് മിഡ് റേഞ്ച് ഫോണുകളെ ശക്തിപ്പെടുത്താൻ, Qualcomm അവരുടെ ഏറ്റവും പുതിയ പ്രോസസർ ആയ Snapdragon 778G പ്രഖ്യാപിച്ചു. പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിലെ മൊബൈൽ ഗെയിമിംഗും ക്യാമറ ശേഷികളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് Qualcomm Snapdragon 778G യിലൂടെ ലക്ഷ്യമിടുന്നത്. Snapdragon 778G ഏറ്റവും പുതിയ പ്രീമിയം സാങ്കേതികവിദ്യകളും സവിശേഷതകളും ഉയർന്ന തലത്തിലേക്ക് കൊണ്ടുവരുന്നു.
Qualcomm Snapdragon നെ കുറിച്ച് കൂടുതൽ അറിയാം.
അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ Qualcomm Technologies Inc. ആണ് Snapdragon രൂപകൽപ്പന ചെയ്ത് വിപണനം ചെയ്യുന്നത്. 2007 ഡിസംബറിൽ ആണ് Qualcomm, Snapdragon ന്റെ ആദ്യ പതിപ്പായ Snapdragon QSD8250 പുറത്തിറക്കിയത്. 1 മുതൽ 8 വരെ സീരിസുകളിലായി Snapdragon ന്റെ വിവിധ മോഡലുകൾ Qualcomm പുറത്തിറക്കിയിട്ടുണ്ട്. Snapdragon 7 സീരിസിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ മോഡൽ ആണ് Snapdragon 778G.
Qualcomm Snapdragon 778G പ്രഖ്യാപിച്ചു
Qualcomm Snapdragon 778G, 2021 മെയ് 19 ന് നടന്ന ചിപ്പ് മേക്കറിന്റെ 5 ജി സ്‌നാപ്ഡ്രാഗൺ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളെ ലക്ഷ്യമിട്ടാണ് Snapdragon 778G അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉയർന്ന പ്ലാറ്റ്ഫോം ഓപ്ഷനുകൾക്കായി ആഗോള ഒഇഎമ്മുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് Snapdragon 778G വികസിപ്പിച്ചെടുത്തത് എന്ന് Qualcomm Technologies inc. പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കേദാർ കോണ്ടപ്പ് പറഞ്ഞു. 2021 മാർച്ചിൽ Qualcomm അതിന്റെ 5nm Snapdragon 780G ചിപ്സെറ്റ് കൊണ്ടുവന്നിരുന്നു. Snapdragon 780G യിൽ ഉപയോഗിച്ചിരിക്കുന്ന Samsung 5 nm ന് പകരം TSMC 6 nm നോഡിലാണ് Snapdragon 778G നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന വ്യത്യാസം.
Qualcomm Snapdragon 778G എന്തെല്ലാം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്?
ഒരേസമയം മൂന്ന് ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ സഹായിക്കുന്ന ഫീച്ചർ ആയ Triple ISP, Snapdragon 778G അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ മൂന്ന് ലെൻസുകളിൽ നിന്ന് ഒരേസമയം റെക്കോർഡുചെയ്യാനാകും, ഇത് ഓരോന്നിന്റെയും മികച്ച വശങ്ങൾ പകർത്താനും അവയെ ഒരു പ്രൊഫഷണൽ നിലവാരമുള്ള വീഡിയോയിലേക്ക് യാന്ത്രികമായി ലയിപ്പിക്കാനും സഹായിക്കും.
ഗെയിമിംഗ് മെച്ചപ്പെടുത്തുന്നതിനായി Variable Rate Shading (VRS), Qualcomm Game Quick Touch എന്നീ പുതിയ ഫീച്ചറുകളും Snapdragon 778G യിൽ Qualcomm അവതരിപ്പിച്ചു. ഒരു പ്രോ ഗെയിമർ-ലെവൽ അനുഭവം പ്രാപ്തമാക്കുന്നതിന് Qualcomm Game Quick Touch, ടച്ച് ലേറ്റൻസിക്ക് 20% വരെ വേഗത്തിലുള്ള ഇൻപുട്ട് പ്രതികരണം വാഗ്ദാനം ചെയ്യുന്നു.
Snapdragon 778G യിൽ Qualcomm FastConnect 6700 Connectivity System അവതരിപ്പിക്കുന്നു. ഇതിലൂടെ Snapdragon 778G, 4k QAM നൊപ്പം മൾട്ടി-ജിഗാബൈറ്റ് Wi-Fi 6 വേഗതയേയും പിന്തുണയ്ക്കുന്നു. ഇതിലൂടെ കണക്ടിവിറ്റി മെച്ചപ്പെടുത്താൻ Snapdragon 778G പ്രോസസറിനാവും. കൂടാതെ AI മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളും Snapdragon 778G അവതരിപ്പിക്കുന്നുണ്ട്.
Snapdragon 778G യിൽ 3200 മെഗാഹെർട്സ് ഫ്രീക്വൻസിയും 16 GB കപ്പാസിറ്റിയും പിന്തുണക്കുന്ന LPDDR5 RAM റാം ആണ് ഉള്ളത്. HDR10, HDR10+ സപ്പോർട്ടിനൊപ്പം 144 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉള്ള full-HD+ ഡിസ്പ്ലേകളെയും Snapdragon 778G പിന്തുണയ്ക്കുന്നു.
Qualcomm Snapdragon 778G മറ്റുള്ള പതിപ്പുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു?
Snapdragon 778G യിൽ Qualcomm, Kryo 670 CPU ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് Snapdragon 7 സീരിസിലെ Snapdragon 778G ക്ക് തൊട്ട് മുമ്പുള്ള പതിപ്പായ Snapdragon 768G യിൽ ലഭ്യമായ Kryo 475 CPU വിനേക്കാൾ 40 ശതമാനം മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, Snapdragon 778G യിൽ Adreno 642L GPU വും ഉൾപ്പെടുന്നു, ഇത് Snapdragon 768G യെക്കാൾ 40 ശതമാനം ഗ്രാഫിക്സ് വേഗത്തിലാക്കുന്നു.
പുതിയ CPU, GPU എന്നിവയ്‌ക്ക് പുറമേ, Snapdragon 778G യിൽ കുറഞ്ഞ പവറുള്ള Hexagon 770 processor ഉം 2nd ജനറേഷൻ Qualcomm Sensing Hub ഉം ഉൾപ്പെടുത്തുന്നു. ഇത് കൂടുതൽ മികച്ച AI അനുഭവങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കും. Snapdragon 768G യുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ട് മടങ്ങ് മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രകടനം മെച്ചപ്പെടുത്താൻ Snapdragon 778G ക്ക് കഴിവുണ്ടെന്ന് Qualcomm അവകാശപ്പെടുന്നു.
TSMC 6 nm പ്രോസസ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ളതാണ് Snapdragon 778G, ഇത് Snapdragon 768G യേക്കാൾ കാര്യമായ പ്രോസസിംഗ് നവീകരണവും കാര്യക്ഷമതയും നൽകുന്നു. വേഗതയേറിയ ചാർജിംഗ് അനുഭവത്തിനായി Qualcomm അതിന്റെ Quick Charge 4+ സാങ്കേതികവിദ്യയും Snapdragon 778G യിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ ഫോണുകളിൽ Qualcomm Snapdragon 778G ലഭ്യമാവും.
ഹോണർ, ഐക്യൂ, മോട്ടറോള, ഓപ്പോ, റിയൽമെ, ഷിയോമി എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ നിന്നുള്ള ഉയർന്ന തലത്തിലുള്ള സ്മാർട്ട്‌ഫോണുകളെ Snapdragon 778G ശക്തിപ്പെടുത്തും. മറ്റ് സ്മാർട്ട്‌ഫോൺ വെണ്ടർമാർ ഇതുവരെ അവരുടെ പദ്ധതികൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും Snapdragon 778G ഹോണർ 50 സീരീസിൽ ലഭ്യമാകുമെന്ന് ഹോണർ സ്ഥിരീകരിച്ചു. എന്നാൽ റിയൽമെ അടുത്തതായി പുറത്തിറക്കാൻ ഇരിക്കുന്ന സ്മാർട്ട്ഫോണിലും Snapdragon 778G ആണ് ഉപയോഗിക്കുന്നത് എന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്.
Qualcomm Snapdragon 778G വിപണിയിൽ എന്ന് പ്രതീക്ഷിക്കാം?
2021 ന്റെ രണ്ടാം പാദത്തിൽ Snapdragon 778G SoC വാണിജ്യപരമായി ലഭ്യമാകുമെന്ന് Qualcomm പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
0 Comments